കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ
റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി

0
1372

വനഭൂമി കയേറിയതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഹൈക്കോടതി വിധിക്കു വിധേയമായിട്ടുള്ള നടപടിയില്‍ രണ്ടാഴ്ചയ്ക്കുളളില്‍ മൂന്നേക്കര്‍ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ തൊടുപുഴ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി.
1979ല്‍ പോത്തുമറ്റം തഴക്കല്‍ ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980 ല്‍ ഈ ഭൂമിയ്ക്കു പട്ടയം ലഭിച്ച സാഹചര്യത്തില്‍ ഇതു വനഭൂമിയാണെന്നു കാണിച്ച് വനംവകുപ്പ് റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കയ്യേറ്റത്തിനെതിരേ വനംവകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് 1988 ല്‍ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ 1964 ലെ ഭൂമി പതിവു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തി. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാലമത്രയും അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഉടമയുടെ ഹര്‍ജിയില്‍ തീര്‍പ്പു കല്പിക്കുന്നതിനായി 2012 ല്‍ വിഷയം ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കു വിട്ടു.
വസ്തുവിന്റെ ആദ്യഉടമ ചാക്കോ മാത്യു 01-01-1977 ശേഷമാണു വനഭൂമിയില്‍ കയ്യേറ്റം നടത്തിയതെന്നു ബോധ്യപ്പെട്ടതായും ഇതിനു ശേഷമുള്ള വനഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

Source: Idukki District Information Centre

LEAVE A REPLY

Please enter your comment!
Please enter your name here