തൊടുപുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയെ പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഗുരുതരമായി രോഗം ബാധിക്കുന്നവരെ ഇടുക്കി മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് നിലവില്‍ ചികിത്സിക്കുന്നത്. ഇപ്പോള്‍ ഇവിടെ രണ്ടിടങ്ങളിലെയും ഐ.സി.യു കിടക്കകള്‍ നിറഞ്ഞ അവസ്ഥയിലാണ്. സ്വകാര്യ ആശുപത്രികള്‍ കിടക്കകള്‍ വിട്ടു നല്‍കുന്നുണ്ടെങ്കിലും അത് ആവശ്യത്തിനില്ല. തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയെ പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.എഴുപത്തിയഞ്ചില്‍ അധികം ഐ.സി.യു കിടക്കകളും കൂടുതല്‍ ഓക്സിജന്‍ കിടക്കകളും ഇവിടെ സജ്ജീകരിക്കും. മറ്റ് രോഗികള്‍ക്കായി കാഷ്വാലിറ്റി മാത്രം പ്രവര്‍ത്തിക്കും. പ്രസവ കേസുകള്‍ക്കായി പെരുമ്ബിള്ളിച്ചിറ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകള്‍ ഇവിടെ എത്തും.
ഗര്‍ഭിണികള്‍ക്ക് വേണ്ട ചികിത്സ നല്‍കും. സിസേറിയന് ഉള്‍പ്പടെയുള്ളവ ഇവിടെ നടക്കുമെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.