തൊടുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും കോവിഡ് വ്യാപനം ശക്തമായതോടെ തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ രണ്ടാമത്തെ കോവിഡ് കിടത്തി ചികിത്സാകേന്ദ്രം ആരംഭിച്ചു. വെങ്ങല്ലൂരിലെ ഷെറോൺ കൾച്ചർ സെന്ററാണ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ(സിഎസ്എൽടിസി) ആയി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനംചെയ്തു. ശനിയാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. പുരുഷന്മാർക്ക് മുപ്പത്തിയഞ്ചും സ്ത്രീകൾക്ക് മുപ്പതും കിടക്കകളാണ് നിലവിലുള്ളത്. കൂടുതൽ ആളുകളെ കിടത്തി ചികിത്സിക്കാൻ ആവശ്യമാകുന്ന ഘട്ടത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കാവുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.
പരമാവധി നൂറുരോഗികളെ വരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട് . രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മാത്രം മുഴുവന്‍ കിടക്കകളും ഉപയോഗിക്കും. ഇതോടെ ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ കിടത്തിചികിത്സ ആവിശ്യമുള്ള രോഗികൾക്ക് കിടക്കകളുടെ ലഭ്യതക്കുറവിന് പരിഹാരമാകും. കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട കോവിഡ് രോഗികളെയാണ് പ്രധാനമായും ഇവിടെ പ്രവേശിപ്പിക്കുക. പനി, കടുത്ത തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 കഴിഞ്ഞവര്‍, ദീര്‍ഘകാല കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗികള്‍, പ്രമേഹമുള്ളവര്‍, അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, എച്ച്ഐവി ബാധിതര്‍ തുടങ്ങിയർ ഇതിൽ ഉൾപ്പെടും.
എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ കൊടുക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും. 12 കിടക്ക തീവ്രപരിചരണ വിഭാഗത്തിനായി മറ്റിവച്ചിട്ടുണ്ട്. സിഎസ്എല്‍ടിസിയില്‍ ഡോക്ടര്‍മാര്‍, ഹെഡ് നേഴ്സ്, സ്റ്റാഫ് നേഴ്സുമാര്‍, നേഴ്സിങ് അസിസ്റ്റന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍, ക്ലീനിങ് സ്റ്റാഫുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വളന്റിയര്‍മാര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം ജീവനക്കാരാകും. ഒരേ സമയം രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര് ഡ്യൂട്ടിയിലുണ്ടാവും. അടിയന്തര ആവശ്യത്തില്‍ മറ്റ് ഡോക്ടര്‍മാരെ ഇവിടേക്കെത്തിക്കും. ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.