ദുരിതം മാറാതെ തൊമ്മൻകുത്ത് ചപ്പാത്ത്

0
1498

തൊടുപുഴ ∙ കനത്ത മഴയിൽ പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഇന്നലെ തൊമ്മൻകുത്ത് ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തിലേക്കുള്ള റോഡിൽ മൂന്നര പതിറ്റാണ്ടു മുൻപ് നിർമിച്ച ചപ്പാത്ത് ഇന്നലെ പുലർച്ചെയാണ് മൂടിയത്. തുടർന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.

ആയിരക്കണക്കിന് ജനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ ചപ്പാത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങുന്നതു തുടർകഥയാണ്. വലിയ പ്രളയം ഉണ്ടായ 2018 ലും 2019 ലും തുടർച്ചയായി ദിവസങ്ങളോളം ആണ് ചപ്പാത്ത് മൂടിക്കിടന്നത്. ചപ്പാത്ത് മൂടുന്നതോടെ ബസ് സർവീസ് നിലയ്ക്കും. ഇതോടെ മുളപ്പുറം, തൊമ്മൻകുത്ത് മേഖലകളിലുള്ള ജനങ്ങൾ വലിയ ദുരിതത്തിൽ ആകുന്നതു പതിവാണ്.

ചപ്പാത്ത് മൂടിയാൽ പിന്നെ വണ്ണപ്പുറത്ത് എത്തിയ ശേഷമാണ് ജനങ്ങൾക്ക് തൊമ്മൻകുത്തിൽ എത്താൻ കഴിയുന്നത്. പുഴയുടെ മുകൾ ഭാഗമായ മക്കുവള്ളി, മനയത്തടം മേഖലയിൽ ശക്തമായ മഴ പെയ്താൽ തൊമ്മൻകുത്ത് പുഴ നിറയും. ഇതോടെ പുഴയോരത്തെ വീടുകളിലും വെള്ളം കയറുന്നതു പതിവാണ്. 35 വർഷം മുൻപ് പൊതുമരാമത്ത് അധികൃതർ നിർമിച്ച ചപ്പാത്ത് മാറ്റി പാലം നിർമിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉന്നയിക്കാറുണ്ട്. പക്ഷേ ഇതുരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here