സൂക്ഷിച്ചോ, തൊടുപുഴയിൽ ഇനി ഹൈടെക് വാഹന പരിശോധന

0
18455

ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ വാഹന പരിശോധന, പിഴ ചുമത്തൽ എന്നിവ പൂർണമായും ഡിജിറ്റൽ ആവുന്നു. ഇതിന്റെ ഭാഗമായി പോയിന്റ് ഓഫ് സെയിൽ (ഇ– പോസ്) മെഷീനുകൾ മോട്ടർ വാഹന വകുപ്പിനു കൈമാറി. എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നൽകിയ ഇ – പോസ് മെഷീൻ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിലൂടെ പരിശോധന ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇ –പോസ് മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തുമ്പോൾ വാഹനത്തിന്റെയും അതിന്റെ ഡ്രൈവറുടെ ലൈസൻസിന്റെയും വിശദവിവരങ്ങൾ നിമിഷങ്ങൾക്കകം ലഭ്യമാകും. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പർ മെഷീനിൽ രേഖപ്പെടുത്തുമ്പോൾ തന്നെ ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ്, പൊല്യൂഷൻ തുടങ്ങിയവയുടെ എല്ലാം വിവരങ്ങൾ ഉടനടി ലഭിക്കും.

പരിശോധനാ ഫലം ഓൺലൈൻ ആയതിനാൽ കണ്ടെത്തുന്ന ക്രമക്കേടുകളും പിഴ ഉൾപ്പെടെയുള്ള വിവരങ്ങളും അപ്പോൾ തന്നെ വാഹന ഉടമയുടെ റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ സന്ദേശമായി എത്തും. പിഴ ഓൺലൈനായി അടയ്ക്കാൻ താൽപര്യമുണ്ടെങ്കിൽ അതിനുള്ള ലിങ്കും മെസേജിൽ ഉണ്ടാവും. വാഹന ഉടമ അടുത്തില്ലെങ്കിലും ഡ്രൈവർ മുഖേന എടിഎം വിവരങ്ങൾ നൽകിയാൽ അപ്പോൾ തന്നെ പിഴ അടയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

വാഹനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തുന്നതിനാൽ തർക്കമുള്ള പക്ഷം ഉടമയ്ക്ക് ഇത് തെളിവായി പരിശോധിക്കുന്നതിനും അവസരമുണ്ട്. മെഷീനിൽ പതിയുന്ന വിവരങ്ങൾ റീ – എഡിറ്റ് ചെയ്യാനാവാത്ത വിധമാണ് ഇതിന്റെ രൂപകൽപന. ഇന്റർനെറ്റ് സംവിധാനത്തോടെയാണ് ഇതിന്റെ പ്രവർത്തനം. മെഷീന് വലുപ്പം കുറവായതിനാൽ ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യുന്നതിനും എളുപ്പമാണ്. എൻഫോഴ്സ്മെന്റ് സ്ക്വാഡാണു മെഷീനുമായി നിരത്തുകളിൽ പരിശോധനയ്ക്ക് ഇറങ്ങുക. ജില്ലയിൽ ഇത്തരത്തിൽ 6 സ്ക്വാഡുകളാണ് നിലവിൽ ഉള്ളത്. എൻഫോഴ്സ്മെന്റ് ആർടിഒ ഹരികൃഷ്ണൻ തൊടുപുഴ സ്ക്വാഡിനുള്ള മെഷീൻ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here