ഇടുക്കിയുടെ ഓണം സ്പെഷലാക്കാം

0
1053

കോവിഡിനിടയിലും ഓണം ഇങ്ങെത്തി. ഇന്നു മുതൽ അടുത്തമാസം 2 വരെ 6 ദിവസം ഇനി തുടർച്ചയായ അവധിയുടെ നാളുകൾ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മാസങ്ങളായി വീട്ടിലിരുന്നെങ്കിലും ഓണാവധി എല്ലാവര്ക്കും കുറച്ച് സ്പെഷലാണ്

വലിയ ഉല്ലാസയാത്രകളോ ആഘോഷങ്ങളോ ഒന്നും ഇത്തവണ ഓണക്കാലത്ത് ഇല്ലെങ്കിലും ഇടുക്കിക്കാർക്ക് ഓണം സ്പെഷലാക്കാൻ കുറച്ചു വഴിയൊക്കെയുണ്ട്. നമ്മുടെ വീടിന്റെ അടുത്തു തന്നെയുള്ള മനോഹര സ്ഥലങ്ങളിലേക്കു നടത്തുന്ന ഒരു വൺഡേ ട്രിപ്പ് ഈ ഓണത്തെ സ്പെഷലാക്കട്ടെ. മാസ്ക്കിടാനും അകലം പാലിക്കാനും ശ്രദ്ധിക്കണേ…

ഇടുക്കി ഡാമിലൊരു ബോട്ടിങ്

Credits to the respective owner

ഓണത്തോടനുബന്ധിച്ച്​ ഇടുക്കി ഡാമിൽ ബോട്ടിങ്​ ആരംഭിച്ചു. ഫോറസ്​റ്റ്​ ഡിപ്പാർട്മെൻറും വനം വികസന സമിതിയും ചേർന്നാണ്​ നടത്തിപ്പ്. അരമണിക്കൂർ സമയം ഇടുക്കി ഡാമിൽ സഞ്ചരിക്കുന്നതിന് 125 രൂപയാണ്​ ചാർജ്.

ഒരേസമയം 20പേർക്ക്​ സഞ്ചരിക്കാം. വെള്ളാപ്പാറയിലുള്ള കൗണ്ടറിൽനിന്ന്​ ടിക്കറ്റുകൾ ലഭിക്കും. വിനോദസഞ്ചാരികൾ വരവ് കുറവായതിനാൽ തിരക്കില്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ അകലം പാലിക്കുന്നതിന്റെ ഭാഗമായി 10 പേർക്കു മാത്രം ഒന്നിച്ചു സഞ്ചരിക്കാം. 2 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ സവാരി നടത്തും. അര മണിക്കൂർ നീളുന്ന യാത്രയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ 400 മീറ്റർ അടുത്തു വരെ പോകാം. മുതിർന്നവർക്ക് 145 രൂപയാണു ടിക്കറ്റ് നിരക്ക്. 10 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 85 രൂപയും.

ഇരവികുളം ദേശീയോദ്യാനം

Credits to the respective owner

കോവിഡ് കാലത്തെ അടച്ചിടലിന് ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നിട്ടുണ്ട്. വരയാടുകൾ വരിവരിയായി സഞ്ചാരികൾക്കു കണ്ണിനു കൗതുകമായി നിരന്നുനിൽക്കുന്ന കാഴ്ച രാജമലയുടെ മാത്രം പ്രത്യേകതയാണ്. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചു ജനുവരി 20ന് ഇരവികുളത്തു സന്ദർശകർക്കു പ്രവേശനവിലക്ക് ഏർപ്പെടുത്തിയരുന്നു. ഏപ്രിൽ ആദ്യം തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ നിലവിൽ വന്നതിനാൽ സാധിച്ചില്ല.

ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ആഴ്ച ഉദ്യാനം സന്ദർശകർക്കായി തുറന്നത്. പ്രവേശനനിരക്കിലും സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 2 വരെയാണു പുതുക്കിയ സമയം. ടിക്കറ്റ് നിരക്ക് – 250 രൂപ. പത്തിൽ താഴെയും 65നു മുകളിലും പ്രായമുള്ളവർക്കു പ്രവേശനം ഇല്ലാത്തതിനാൽ സംഘമായി എത്തുന്ന സഞ്ചാരികൾ ശ്രദ്ധിക്കണം.

വാഗമൺ

Credits : Vagamon.com

പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും. പലപ്പോഴും വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. പറഞ്ഞാലും കണ്ടാലും മതിവരാത്ത മനം മയക്കുന്ന ദൃശ്യ ചാതുര്യം.

ടൂറിസം പരിപാടികൾ നിരോധിച്ചിട്ടുണ്ടെങ്കിലും വാഗമൺ വഴിയൊരു യാത്ര ശരിക്കും നല്ലൊരു അനുഭവം തന്നെയാണ്.

പരുന്തും പാറ

Credits to the respective owner

ഇടുക്കി – വാഗമൺ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണ് പരുന്തും പാറ . പീരുമേട് നിന്നും 6 കി മി മാത്രം അകലെയാണ് പരുന്തും പാറ . കോട്ടയം കുമിളി റൂട്ടിൽ നിന്നും 3 കി മി ദൂരവും തേക്കടിയിൽ നിന്ന് 25 കി മി ദൂരവും ഉണ്ട് ഇവിടേക്ക് . പോകുന്ന വഴിയിൽ മുഴുവനും തേയില തോട്ടങ്ങളാണ്‌ . ആ പച്ചപ്പിന് നടുവിൽ പരുന്തിന്റെ ആകൃതിയിൽ ഉള്ള ഒരു പാറക്കൂട്ടം ആണ് ‘പരുന്തും പാറ’. മിക്കവാറും മഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ് ഇവിടം . അല്ലാത്ത സമയങ്ങളിൽ ശബരിമല സ്ഥിതി ചെയുന്ന മലയും ഇവിടെ നിന്ന ദർശിക്കാനാകും . മകരജ്യോതി ദർശനവും ഇവിടത്തെ പ്രത്യേകതയാണ് .
നിരവധി സിനിമാ മുഹൂർത്തങ്ങൾക്ക് സാക്ഷിയാണ് ഇവിടം.

ഇലവീഴാപ്പൂഞ്ചിറ

തൊടുപുഴയിൽ നിന്നും 23 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണെന്ന് ഐതീഹ്യമുണ്ട്. ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്നു. 3200 അടി വരെ ഉയരമുള്ള ഗംഭീരമായ മലനിരകളാല്‍ ചുറ്റപ്പെട്ട് കൗതുകം പകരുന്ന പ്രകൃതിഭംഗിയുള്ള ഈ പ്രദേശം മനസ്സിന് പ്രശാന്തത നല്കുന്ന ഉത്തമ ഇടമാണ്. വർഷകാലത്ത് ഈ താഴ്വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടുകയും പ്രകൃതി ഭംഗിയുടെ മറ്റൊരു ‍ദൃശ്യാവിഷ്ക്കാരമാകുകയും ചെയ്യുന്നു. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഉദയാസ്തമനങ്ങള്‍ ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.

LEAVE A REPLY

Please enter your comment!
Please enter your name here