ഇംഗ്ലണ്ടിൽ കപ്പുയർത്തിയ ഏക മലയാളി,
ഇടുക്കിക്കാരൻ

0
981

ഓസ്കാർ പിസ്റ്റോറിയസ് എന്ന “ബ്ലേഡ് റണ്ണറെ” ഓർമയുണ്ടോ? 2004 മുതൽ പാരാലിമ്പിക്സ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കക്കു വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ OZ , കഠിനാധ്വാനഫലമായി സാധാരണക്കാർക്കായുള്ള സീനിയർ അത്ലറ്റിക് മത്സരങ്ങളിലും, ഒളിമ്പിക്സിലും പങ്കെടുത്തു. ഇരുകാലുകളും മുട്ടിനു താഴെ മുറിച്ചു മാറ്റപ്പെട്ടത് തനിക്കൊരു പ്രശ്നമേ അല്ലെന്ന് OZ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.

ഇങ്ങ് കൊച്ചു കേരളത്തിൽ, ഇടുക്കി ജില്ലയിൽ മലയാളികൾക്ക് അഭിമാനമായ ഒരാളുണ്ട്. എറണാകുളം ജില്ലാ ലീഗിൽ കളിക്കുന്ന, കേരളാ സ്റ്റേറ്റ് ടീമിൽ കളിക്കുന്നത് സ്വപ്നം കാണുന്ന, 2019 ൽ ഭിന്നശേഷിക്കാരുടെ ലോക ക്രിക്കറ്റ് സീരീസ് കപ്പ് നേടിയ ഇന്ത്യക്കായി ജഴ്സിയണിഞ്ഞ ഒരാൾ – അനീഷ്രാജൻ. ജൻമനാ വലതു കൈപ്പത്തിയില്ലാത്ത അനീഷ് സാധാരണ ക്രിക്കറ്റ് കളിക്കുമ്പോഴും കാണുന്ന സ്വപ്നങ്ങൾ ശരാശരിക്കാരിലും എത്രയോ മുകളിലാണ്.

2006 ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ അനീഷ് തൊടുപുഴയിൽ മാതൃഭൂമി- കോസ്കോ നടത്തിയ പി.ബാലചന്ദ്രൻ സാറിൻ്റെ ക്യാമ്പിലൂടെയാണ് ക്രിക്കറ്റ് ലോകത്തേക്ക് പിച്ചവെച്ചത്. ഇടംകൈയ്യൻ സ്പിന്നറാവാൻ പരിശീലനം നൽകിയതും അദ്ദേഹം തന്നെ. അണ്ടർ-17, 19 ജില്ലാ തലത്തിൽ കളിച്ച അനീഷ് മധ്യമേഖലക്കായി അണ്ടർ-19 മത്സരങ്ങളിലും പാഡു കെട്ടി. ടെന്നിസ്ബോൾ മത്സരങ്ങളിൽ നിന്ന് പ്രൊഫഷണൽ രീതിയിലേക്ക് മാറാനായി സ്റ്റിച്ച് ബോളിലേക്ക് മാറുകയും മികച്ച അവസരങ്ങൾക്കായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ ചേർന്ന് ജില്ലാ A ഡിവിഷൻ മത്സരങ്ങളിൽ കളിക്കുകയും ചെയ്തു, ലെഫ്റ്റ് ആം സ്പിന്നറും വാലറ്റത്തെ വിശ്വസ്ത ബാറ്റ്സ്മാനുമായ ഈ ഇരുപത്തൊൻപതുകാരൻ.

ഭിന്ന ശേഷിക്കാരുടെ ക്രിക്കറ്റ് മത്സരം

സാധാരണ ക്രിക്കറ്റിൽ നിന്ന് പറയത്തക്ക യാതൊരു വ്യത്യാസവുമില്ലാത്ത കളിയിൽ, ഏക മാറ്റം വരുന്നത് ടീമിലെ രണ്ടു ബാറ്റ്സ്മാൻമാർക്ക് മുൻ അനുമതിയോടെ റണ്ണറെ വയ്ക്കാം എന്നതാണ്. ഗ്രൗണ്ടിൻ്റെ വലിപ്പം, പിച്ച്, കളിയുപകരണങ്ങൾ എല്ലാം സാധാരണ പോലെ. മുൻ ഇന്ത്യൻ താരം കഴ്സൻ ഗാവ്റി പ്രസിഡൻറും മുൻ ബോംബേ താരം പ്രസാദ് ദേശായി വൈസ് പ്രസിഡൻറുമായ അസോസിയേഷൻ മികച്ച രീതിയിലാണ് മുന്നേറുന്നത്.

വിഖ്യാത കോച്ച് റോബിൻ മേനോൻ്റെ ഉപദേശ പ്രകാരം, അദ്ദേഹത്തിൽ നിന്നുള്ള അറിവ് വച്ച് ഭിന്നശേഷിക്കാരുടെ ക്രിക്കറ്റിൽ മാറ്റുരച്ച അനീഷ് താമസിയാതെ കേരളാ ടീമിലുമെത്തി. 2017ൽ കേരളത്തെ നയിച്ചതിനൊപ്പം മുംബൈയിൽ വെച്ച് നടന്ന മേഖലാ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ദക്ഷിണമേഖലാ ടീമിലും ഇടം നേടി. സ്പെഷ്യലിസ്റ്റ് ബൗളറായി ഇടം നേടിയെങ്കിലും T20 മത്സരത്തിൻ്റെ 17, 19 ഓവറുകൾ മാത്രം ബൗൾ ചെയ്യാൻ അവസരം കിട്ടിയ അനീഷ് പക്ഷേ നേടിയത് നാലു വിക്കറ്റുകളാണ്. ഹരിയാനയിൽ നടന്ന സോണൽ ടൂർണമെൻറിലെ മികച്ച ബൗളറും മികച്ച ഫീൽഡറും മറ്റാരുമായിരുന്നില്ല.

മുംബൈയുടെ മുൻ രഞ്ജി താരം സുലക്ഷൻ കുൽക്കർണിയുമായുള്ള കണ്ടുമുട്ടലാണ് അനീഷിന് വഴിത്തിരിവായത്. ഇന്ത്യയിലെ മികച്ച കോച്ചായ അദ്ദേഹത്തിൻ്റെ ശിക്ഷണത്തിലാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ 2019 ഓഗസ്റ്റിൽ Physically Challenged Players’ ലോക ക്രിക്കറ്റ് സീരീസ് ചാമ്പ്യൻമാരായത്. സെലക്ഷന് വന്ന 120 പേരിൽ നിന്നും അന്തിമ ടീമിൽ സ്ഥാനം നേടിയ അനീഷ് അടക്കം ഉള്ളവർ മത്സര പരിചയത്തിനായി ഒരാഴ്ച മുമ്പ് തന്നെ ഇംഗ്ലണ്ടിലെത്തി.ലീഗ് – സെമി ഫൈനൽ – ഫൈനൽ ക്രമത്തിലുള്ള ടൂർണമെൻറിൽ, ലീഗ് ചാമ്പ്യൻ എന്ന നിലയിൽ ഇന്ത്യക്ക് നേരിട്ട് ഫൈനലിൽ പ്രവേശനം സാധ്യമായി.

ലോക ക്രിക്കറ്റ് സീരീസ് മത്സരങ്ങൾ – ബംഗ്ലാദേശിനെതിരെ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്കായി അനീഷ് 15 റൺസിന് 5 വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ് മാച്ച് ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അവരുടെ ഇന്നിങ്ങ്സിൽ 3 വിക്കറ്റ് നേടി, ചേസിങ്ങിൽ ഒരു ഘട്ടത്തിൽ 8 റൺസിന് 4 വിക്കറ്റ് പോയ അവസ്ഥയിൽ ക്യാപ്‌റ്റൻ വിക്രാന്ത് കെനിക്ക് മികച്ച പിന്തുണ നൽകി വിജയത്തിലേക്ക് മുന്നേറുമ്പോൾ അനീഷ് 20 റൺസ് എടുത്ത് വീണ്ടും കളിയിലെ കേമനായി. തുടർന്ന് ഇംഗ്ലണ്ടിനെതിരെ വിജയം നേടുമ്പോൾ അനീഷ് ഒരു വിക്കറ്റ് നേടി. പാക്കിസ്ഥാനെതിരെ 8 വിക്കറ്റിന് വിജയിക്കുമ്പോൾ ബാറ്റിങ്ങിന് അവസരം കിട്ടാത്ത അദ്ദേഹം ഒരു വിക്കറ്റ് നേടിയിരുന്നു.

ഫൈനൽ – സെമി ജയിച്ചു വന്ന ആതിഥേയരായ ഇംഗ്ലണ്ടുമായി….. തകർത്ത് അടിച്ച ഇന്ത്യ നിശ്ചിത 20 ഓവറിൽ 180 റൺസ് നേടിയപ്പോൾ 36 റൺസ് അകലെ ഇംഗ്ലീഷുകാരുടെ ചേസിങ് അവസാനിച്ചു. അനീഷ് ഈ മത്സരത്തിൽ ഒരു വിക്കറ്റും രണ്ടു റൺ ഔട്ടുകളും നേടി. ടൂർണമെൻറിലെമികച്ചബൗളറും വേറാരുമല്ല.

റെസ്റ്റ്_ഓഫ് ദ് വേൾഡ് ടീമിൻ്റെ പത്താം നമ്പർ.

അടുത്ത ദിവസം നടക്കുന്ന ഇംഗ്ലണ്ട് X റെസ്റ്റ് ഓഫ് ദ് വേൾഡ് മൽസരത്തിൽ അനീഷിന് ലഭിച്ചത്, ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ ജർസി നമ്പറായ 10….. ഇന്ത്യൻ ടീമിൽ കളിച്ച പോലെ തന്നെ ഏറ്റവും അനർഘ നിമിഷമായി ഈ ജഴ്സി അണിഞ്ഞതിനെ കാണുന്ന അനീഷ്, അതിനു ശേഷം ഒരിക്കലും ഉപയോഗിക്കാതെ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ അമൂല്യ നിധി.

തുടർന്ന് ഇന്ത്യൻ ടീമിനൊപ്പം ഒട്ടേറെ അവസരങ്ങൾ ഈ വർഷം വന്നെങ്കിലും, കോവിഡ് പശ്ചാത്തലത്തിൽ മലേഷ്യ, സിംഗപ്പൂർ ടൂറുകളും ഇന്ത്യയിൽ നടക്കാമായിരുന്ന നാലു രാജ്യ ടൂർണമെൻ്റും നഷ്ടമായി.ഇനിയും കൂടുതൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ബി-ടെക് ബിരുദധാരി.

സീനിയർ സംസ്ഥാന ടീം ലക്ഷ്യവും ആഗ്രഹവുമായ ഈ യുവാവ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ കളിക്കുന്നതിനു പുറമേ അമ്പയറും സ്കോററുമെല്ലാമായി ഫീൽഡിലുണ്ട്. ആദ്യകാല കോച്ച്മാരായ ബാലചന്ദ്രൻ സർ, റോബിൻ മേനോൻ ,ഇന്ത്യൻ ടീം കോച്ച് സുലക്ഷൻ കുൽക്കർണി, TCC കോച്ച് സുനിൽ എന്നിവരെ തൻ്റെ വിജയങ്ങളിൽ അനീഷ് സ്മരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, സഹോദര ഭാര്യ എന്നിങ്ങനെ എല്ലാവരും പിന്തുണ നൽകുന്ന കുടുംബത്തിൽ അനീഷിന് എടുത്തു പറയാവുന്ന മറ്റൊരു പേര് ജ്യേഷ്ഠനും എന്നും വഴികാട്ടിയുമായ സമീഷിൻ്റേതാണ്. അനീഷിൻ്റെ തുടർന്നുള്ള പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും പിന്തുണകളും.

Written by Suresh Varieth in association with Nandan Attingal and Riyaz Badar, in FB group Cricket Praanthanmaar

LEAVE A REPLY

Please enter your comment!
Please enter your name here