ചുഴലിക്കാറ്റ്: ഇടുക്കി ജില്ലയില്‍ ജാഗ്രത പുറപ്പെടുവിച്ചു

0
2221

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തെക്കന്‍ കേരളം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് വരും ദിനങ്ങളില്‍ ഇടുക്കി ജില്ലയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.
നിലവില്‍ ഡിസംബര്‍ 2, 3 തിയ്യതികളില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഡിസംബര്‍ 2, 3 തിയ്യതികളില്‍ മഴ ശക്തിപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ രാത്രികാല യാത്ര നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതും. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. കാറ്റ് ശക്തിപ്പെടുന്ന സഹചര്യത്തില്‍ അടച്ചുറപ്പില്ലാത്തതും ശക്തമായ മേല്‍ക്കൂരയില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു. സ്ഥിതിഗതികള്‍ സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതാണ്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുള്ളതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here