തൊടുപുഴയിൽ ഇത്തവണ തീപാറുന്ന പോരാട്ടം; ജോസ്-ജോസഫ് വിഭാഗം നേർക്കുനേർ

0
721

തൊടുപുഴ: ഇടുക്കിയിലെ താരമണ്ഡലമായ തൊടുപുഴയില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇടത്-വലത് മുന്നണികള്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് മത്സരിക്കാന്‍ നല്‍കിയ സീറ്റില്‍ ഇരുവിഭാഗവും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ബി.ഡി.ജെ.എസ്. മത്സരിച്ച തൊടുപുഴയില്‍ ഇത്തവണ എന്‍.ഡി.എ.യില്‍നിന്ന് ആരെന്ന് തീരുമാനമായിട്ടില്ല. ഇക്കുറിയും അവര്‍ക്കുതന്നെയായിരിക്കും സീറ്റെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പി.ജെ.ജോസഫ് വര്‍ഷങ്ങളായി മത്സരിക്കുന്ന തൊടുപുഴ സീറ്റില്‍ അദ്ദേഹംതന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. മുന്നണി പ്രഖ്യാപനത്തിനുമുമ്പുതന്നെ അണികള്‍ പ്രചാരണം ആവേശപൂര്‍വം ഏറ്റെടുത്തിട്ടുണ്ട്.

2016 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇടത് തരംഗം ഉണ്ടായിട്ടും തൊടുപുഴയില്‍ റെക്കോര്‍ഡ് വിജയം നേടാന്‍ പിജെ ജോസഫിന് സാധിച്ചിരുന്നു. ഇടത് പിന്തുണയോടെ മത്സരിച്ച റോയിക്കെതിരെ 45587 വോട്ടിന്‍റെ വിജയമായിരുന്നു പിജെ ജോസഫ് നേടിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷവും ഇത് തന്നെയാണ്.

ചുവരെഴുത്തുകളും ബാനര്‍ സ്ഥാപിക്കലുമെല്ലാം തകൃതിയായി മുന്നേറുകയാണിവിടെ. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജോസഫ് അതിനുശേഷമായിരിക്കും തൊടുപുഴയിലെത്തുക. അദ്ദേഹത്തിന്റെ കുറവ് അറിയിക്കാതെയാണ് പ്രചാരണം നടത്തുന്നത്.

നേരത്തേ, പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായെങ്കിലും ഒടുവില്‍ ജോസ് വിഭാഗത്തിന് ഇടതുമുന്നണി വിട്ടുനല്‍കിയ സീറ്റാണ് തൊടുപുഴ.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെയും ജോയ്സ് ജോര്‍ജിന്റെയുമെല്ലാം പേര് ഇവിടേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും ജോസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതോടെ അഭ്യൂഹങ്ങളെല്ലാം മാറി.

പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമായ കെ.ഐ. ആന്റണിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. പ്രഖ്യാപനം വന്നില്ലെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. പ്രമുഖരുമായി ഒരുവട്ടം കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഞെട്ടിച്ച് 25,000-ലേറെ വോട്ടുകളാണ് ബി.ഡി.ജെ. എസ്. സ്ഥാനാര്‍ഥി നേടിയത്. ഇക്കുറി കഴിഞ്ഞ തവണത്തെക്കാളും അനുകൂലമായ സാഹചര്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്. അതിനാല്‍ നല്ല സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവരും

LEAVE A REPLY

Please enter your comment!
Please enter your name here