തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയം; 18 പേര്‍ക്ക് കൊവിഡ്, 2 പേര്‍ മരിച്ചു

0
2340

തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്. രണ്ടുപേര്‍ മരിച്ചു. വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 പേരാണ് പങ്കെടുത്തത്. വധുവിന്റെ ബന്ധുക്കളായ സി.എസ് പുന്നൂസ് (77), ജോസഫ് സ്റ്റീഫന്‍ (84) എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 19ന് ചുങ്കത്തെ പാരിഷ് ഹാളില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. അന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കര്‍ശനമാക്കിയിരുന്നില്ല. കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലില്ലെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ക്ക് ഒത്തുചേരാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി. വിവാഹത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.

പ്രായമുളള കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബം മകളുടെ വിവാഹനിശ്ചയത്തിനായാണ് നാട്ടിലെത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു.

വിവാഹനിശ്ചയം ഏപ്രില്‍ 19നും കല്യാണം ഏപ്രില്‍ 22ന് ഏറ്റുമാനൂരില്‍ വെച്ചുമായിരുന്നു. വിവാഹത്തിന് പിന്നാലെ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്തരമൊരു ചടങ്ങ് നടന്നതായി അറിഞ്ഞതെന്ന് കൗണ്‍സിലര്‍ പറയുന്നു.

കുടുംബത്തിലെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങള്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചിലര്‍ വെന്റിലേറ്ററിലാണെന്നും കൗണ്‍സിലര്‍ പറയുന്നു.

ഇത്തരമൊരു പരിപാടിയെ പറ്റി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here